Sunday, March 4, 2012

ഒരു മുംബൈ മാസം

 ഞാന്‍ ആദ്യമായി ബോംബയില്‍ പോയ സംഭവത്തിനും, ആളുകള്‍ പൊതുവേ പറയാറുള്ള 'പട്ടി-ചന്ത' കഥക്കും വളരെ ഏറെ സാമ്യം ഉള്ളതായി എനിക്ക് പില്‍ക്കാലത്ത് തോന്നിയിട്ടുണ്ട്. ഒരു പകല്‍ കൊണ്ട് കറങ്ങി കണ്ടു വരാനുള്ള സ്ഥലമായെ അന്ന് ഞാന്‍ ബോംബെ യെ കണ്ടുള്ളൂ (ഇപ്പോള്‍ പേര് മുംബൈ ആണെന്നറിയാം. പക്ഷെ ബോംബെ എന്ന് പറയുമ്പോ എന്തോ, ഓര്‍മകള്‍ക്ക് നിറം കൂടുന്നത് പോലെ). മഹാരാഷ്ട്രയിലെ കൊലാപ്പുര്‍ എന്ന കൊച്ചു പട്ടണത്തില്‍ എന്‍റെ ബിരുദപഠനം പുരോഗമിച്ചു കൊണ്ടിരുന്ന കാലം (പുരോഗതി എന്ന് പറയാമോ എന്ന് അറിയില്ല എങ്കിലും). ഉച്ചക്ക് മുമ്പ് ക്ലാസുകള്‍ തീരും എന്നുള്ളത് കൊണ്ട് സായാഹ്നങ്ങളില്‍ ഞാന്‍ ഒരു ചെറിയ ജോലി ചെയ്യാന്‍ പോകുന്ന പതിവുണ്ടായിരുന്നു. എന്‍റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാണോ അതോ ജീവിതത്തില്‍ അനുഭവ പാഠങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കി തരാനാണോ ... എന്തായാലും ഇങ്ങനെ ഒരു ഏര്‍പ്പാട് എനിക്ക് എന്‍റെ അങ്കിള്‍ തന്നെ മുന്‍ കൈ എടുത്തു ഏര്‍പ്പാടാക്കി തന്നിരുന്നു. ഇരുനൂറു രൂപ ശമ്പളത്തില്‍ ഒരു ജെന്‍സ് ഗാര്‍മെന്‍റ് ഷോപ്പ് ഇല്‍ സെയ്ല്‍സ്ബോയ്‌ ആയിരുന്നു അന്ന് ഞാന്‍.  .  ജോലിക്കിടയിലെ ഇടവേളകളില്‍ സഹപ്രവര്‍ത്തകരായ പയ്യന്മാരോട് അറിയാവുന്ന ഹിന്ദിയിലും മറാത്തി യിലും നേരംപോക്ക് പറഞ്ഞിരിക്കുന്ന വേളയില്‍ ഒരിക്കല്‍ വിജയ്‌ എന്ന നിഷ്കളങ്കന്‍ ആയ ആ സഹപ്രവര്‍ത്തകന്‍ ഒരു ആഗ്രഹം അറിയിച്ചു. ഒരിക്കലെങ്കിലും ഒന്ന് മുംബൈ കാണണം. സാഹസപ്രിയനായ ഞാന്‍ അവനു കമ്പനി കൊടുക്കാമെന്നു ഏറ്റു. അങ്ങനെ ഒരു രാത്രി ഞങ്ങള്‍ മഹാലക്ഷ്മി എക്സ്പ്രസ്സ്‌ ഇല്‍ കയറിയതും അവിടെ ചെന്ന് അന്തം വിട്ട പോലെ തെക്ക് വടക്ക് നടന്നതും തിരിച്ചു വരാന്‍  വേണ്ടി ടിക്കറ്റ്‌ ഇല്ലാതെ പ്ലാട്ഫോമില്‍ കയറിയപ്പോള്‍ പോലിസ് പിടിച്ചതും പിഴ അടച്ചതും ഒക്കെ കൂടി ഓര്‍ത്തപ്പോഴാണ് എനിക്ക് നേരത്തെ പറഞ്ഞ കഥയുമായി സാമ്യം അനുഭവപ്പെട്ടത്.

എന്തായാലും ഇപ്പോള്‍ എനിക്ക് പറയാനുള്ള കഥ ഇതല്ല....

പിന്നീട് വളരെ വൈകാതെ തന്നെ വീണ്ടും ഞാന്‍ മുംബൈക്ക് ഒരു യാത്ര കൂടെ പോയി. ആദ്യയാത്രയില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു അനുഭവം. അവിടെയുള്ള ചേച്ചിയുടെ വീട്ടില്‍ ന്യൂ ഇയര്‍ കൂടാന്‍ ബന്ധുക്കളുടെ കൂടെ ആണ് ആ തവണ പോയത്. അവിടത്തെ ഏറ്റവും ആര്‍ഭാടകരമായ അന്ദരീക്ഷത്തില്‍ ഒരൊറ്റ രാത്രി കൊണ്ട് മുംബൈ യുടെ ഏറ്റവും സമ്പന്നമായ മുഖങ്ങളില്‍ ഒരു മുഖമാണ് അന്ന് ഞാന്‍ അവിടെ കണ്ടത്. അന്ന് എനിക്ക് തോന്നി...ഇതാണ് മുംബൈ....നീളത്തിലും ഉയരത്തിലും ലോകത്തെ ഒട്ടുമിക്ക നഗരങ്ങളിലെ കെട്ടിടങ്ങളേയും വെല്ലുന്ന കെട്ടിട സമുച്ചയങ്ങള്‍. മേട്രോപോളിട്യന്‍ രീതികള്‍ ഒരു നോട്ടത്തിലും ചലനത്തിലും തുളുമ്പുന്ന, കാണുമ്പോള്‍ ആരാധന തോന്നിപ്പിക്കുന്ന മനുഷ്യര്‍, ആഡംബരം പെരുമ്പറ കൊട്ടിവരുന്ന തരം വണ്ടികള്‍, കൌതുകം പകരുന്ന ഭക്ഷണ ശാലകള്‍...ഇതെല്ലാം കണ്ടു മതിമറന്ന ഞാനും...ഈ തുറമുഖനഗരം എന്നെ അദ്ഭുതപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഞാനും കൂടി ഉള്‍പ്പെട്ട ഭാരതത്തിന്‍റെ യുവ സമൂഹം, സ്വപ്നം പോലെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഈ മഹാനഗരം ഒരു സ്വപ്നത്തേക്കാള്‍  മനോഹരം ആണ്.

പക്ഷെ ഇതും എനിക്കിപ്പോള്‍ പറയാനുള്ള കഥ അല്ല......

വര്‍ഷങ്ങള്‍ കുറച്ചു കൂടി കടന്നു പോയി. ഞാന്‍ ഒഴികെ മറ്റെല്ലാവരുടെയും പ്രാര്‍ഥനയും ആഗ്രഹങ്ങളും ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ ബിരുദം എടുത്തു. അത് കൊണ്ട് അതിനപ്പുറമുള്ള എം.ബി.എ എന്ന സാഹസത്തിനു മുതിരാന്‍ യോഗ്യതയും കിട്ടി. എന്നെ മൂക്ക് കയറിട്ടു വരുതിയിലാക്കി മൂന്നു വര്ഷം കൊണ്ട് തന്നെ എന്നെകൊണ്ട്‌ ഡിഗ്രി എടുപ്പിച്ച എല്ലാ കുടുംബാങ്കങ്ങള്‍ക്കും, പ്രത്യേകിച്ച് എന്‍റെ ഇളയമ്മക്കും അവകാശപ്പെട്ടതാണ് ഈ ഡിഗ്രി എന്ന് ഈ അവസരത്തില്‍ ഞാന്‍ പറഞ്ഞുകൊള്ളട്ടെ. തിരുവനന്തപുരത്ത് ടൂറിസം മാനേജ്‌മന്റ്‌ ഇല്‍ പി.ജി ചെയ്യുന്ന കാലഘട്ടം. മൂന്നാം സെമെസ്ടര്‍ ഇല്‍ OJT (On the Job Training) എന്ന് പേരുള്ള ഒരു പരിപാടി ഉണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പോയി ഒരു മാസം അവിടെ ട്രെയിനിംഗ് എടുത്തു തിരികെ വരണം എന്നാണ് വ്യവസ്ഥ. സ്ഥലവും സ്ഥാപനവും തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരുന്നു. ഒരു നിയോഗം പോലെ ഞാന്‍ എത്തപ്പെട്ടത് മുംബൈയിലെ ഒരു സ്ഥാപനതിലെക്കുള്ള ഒരു ഗ്രൂപ്പിലും. ആഹ്ലാദം മനസ്സില്‍ തിര തള്ളിയ നിമിഷങ്ങള്‍. കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ കണ്ട ആ സ്വപ്ന നഗരിയില്‍ ഒരു മാസക്കാലം. മനസ്സില്‍ മുഴുവന്‍ 'അക്കരെ അക്കരെ അക്കരെ' എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന്അമേരിക്കയില്‍ പാടിയ പാട്ടിന്‍റെ ഈരടികള്‍....'സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ'...അങ്ങനെ ഒരു ദിവസം ഞങ്ങള്‍ 5 പേര്‍ മുംബൈയിലേക്ക് യാത്ര തിരിച്ചു.
എനിക്ക് പറയാനുള്ള കഥ ഈ യാത്രയുടെ ആണ് ..

സലിം, നികേത, സന്തോഷ്‌, ശ്രീരേഖ, ദീപക് അരവിന്ദ് എന്നീ കൂട്ടുകാരുടെ കൂടെ ഞാനും. ആ യാത്ര മുഴുവന്‍ ഞങ്ങള്‍ വരാനുള്ള സുഖമുള്ള നാളുകളെ സ്വപ്നം കണ്ടു. സിനിമകളില്‍ ഞങ്ങള്‍ കണ്ട മുംബൈ ദൃശ്യങ്ങള്‍ ഞങ്ങളുടെ മനസ്സുകളില്‍ കൊച്ചു ഫിലിം റീലുകള്‍ ആയി ഓടിക്കൊണ്ടിരുന്നു. ഓടുന്ന വണ്ടിയുടെ താളത്തിനൊത്ത് ഞങ്ങളുടെ സ്വപ്നങ്ങളും ഒരു ഫ്രെയിം ഇല്‍ നിന്ന് മറ്റൊരു ഫ്രെയിം ലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒരു വൈകുന്നേരമാണ് ട്രെയിന്‍ കുര്‍ള സ്റ്റേഷന്‍ ഇല്‍ എത്തിയത്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് അവിടെ ബന്ധുക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരെ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയിരുന്നു. സന്തോഷ്‌ ന്‍റെ ചേച്ചിയും അളിയനും അവിടെ ആയിരുന്നതിനാല്‍ അവനും യാത്ര പറഞ്ഞു പിരിഞ്ഞു. ഞങ്ങള്‍ മൂന്നു പേര്‍ ബാക്കി. അന്നെനിക്ക് മുംബൈയില്‍ അടുത്ത ബന്ധുക്കള്‍ ആയിട്ട് ആരും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങള്‍ മൂന്നു പേരെയും സ്വീകരിക്കാനും ഉണ്ടായിരുന്നു ഒരാള്‍. ഒരു സുഹൃത്തിന്‍റെ സുഹൃത്തും ഞങ്ങള്‍ക്ക് തികച്ചും അപരിചിതനുമായ ജാക്സണ്‍ എന്ന മലയാളി യുവാവ്. ആദ്യം ടാക്സി യിലും പിന്നീട് ലോക്കല്‍ ട്രെയിനിലും ആയി കുറെ ദൂരെ എവിടെയോ എത്തി. ആദ്യമായി, ആ സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന നഗരത്തില്‍ എത്തിയതിന്‍റെ അങ്കലാപ്പും ആവേശവും ഞങ്ങളില്‍ നിറയുന്നുണ്ടായിരുന്നു. കിംഗ്‌ സര്‍ക്കിള്‍ എന്ന സ്റ്റേഷനില്‍ വണ്ടിയിറങ്ങി ശേഷം ജാക്സണ്‍ ഞങ്ങളെ കൊണ്ട് പോയത് അടുത്തുള്ള ഒരു പഴയ ഫ്ലാറ്റിലേക്ക് ആണ്. അകത്തു കയറിയ ഞങ്ങള്‍ ചെറുതായി ഒന്ന് അന്ധാളിച്ചു. കാരണം ആ ഒരു കുടുസ്സായ ഒറ്റമുറിയില്‍ ഏതാണ്ട് പത്തു പതിനഞ്ച് പേര് താമസിക്കുന്നു. പൊതുവേ ചിരിക്കാന്‍ മടി കാണിച്ച ആ കൊച്ചു മലയാളി സമൂഹം. പുതിയ മലയാളികളെ കിട്ടിയപ്പോള്‍ അവിടത്തെ ഇന്‍ ഹൌസ് മലയാളികള്‍ക്ക് കുറച്ചു ഗൌരവം കൂടിയ പോലെ. ഒരു റാഗിങ്ങ് പോലെ ആയിരുന്നു പരിചയപ്പെടല്‍. പിറ്റേന്ന് 'ഫുള്‍' വേണമെന്ന് നിര്‍ബന്ധം പറഞ്ഞു. അവിടത്തെ രീതി അതാണത്രേ. മുംബൈ ആയാലും മാവിലായി ആയാലും നമ്മള്‍ മലയാളികള്‍ക്ക് 'ഫുള്‍'നോടുള്ള പ്രതിപത്തി ഞാന്‍  എടുത്തു പറയേണ്ടതില്ലല്ലോ. പൊതുവേ എല്ലാടത്തും ഉള്ള രീതി അങ്ങനെ ആണത്രേ. ആ രീതി അത്ര പിടിക്കാത്തത് കൊണ്ട് പിറ്റേന്ന് വെളുപ്പിനെ എണീറ്റ്‌ റെഡി ആയി ട്രെയിനിംഗ് സ്ഥലത്തേക്ക് ഞങ്ങള്‍ടെ ബാഗും സാധനങ്ങളും എടുത്തു കൊണ്ട് പോയി. വേറെ താമസം ശരിയായി എന്ന് ആ ഫുള്‍ പ്രേമികളോട് ഒരു കള്ളവും പറഞ്ഞു. ആദ്യ ദിവസം ആയതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അതാതു ഓഫീസുകളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ചെന്നായ് കൂട്ടങ്ങള്‍ക്കു നടുവിലുള്ള ആട്ടിന്‍ കുട്ടിയെ  പോലെ ഇരുന്നു തള്ളി നീക്കി ആ ദിവസം. അപരിചിതത്വം അപകര്‍ഷതയിലേക്ക് കൊണ്ടെത്തിച്ചുകൊണ്ടിരുന്നു മനസ്സിനെ...നാലുപാടും  നിന്ന് കേള്‍ക്കാം, പഞ്ചാബി യിലും തമിഴിലും ഇംഗ്ലീഷിലും ഉള്ള സംസാരം. തെറികള്‍ മാത്രം, നാനാത്വത്തില്‍ ഏകത്വം, എന്ന ആ തത്വം അന്വര്‍ത്ഥം ആക്കുന്നുണ്ടായിരുന്നു. കാരണം അത്, ജാതി ലിംഗ ഭേദമെന്യേ ഇംഗ്ലീഷില്‍ ആയിരുന്നു. വൈകുന്നേരം ആക്കി എടുത്തു പുറത്തു ചാടി, ഞങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഒരു സ്ഥലത്ത് കണ്ടു മുട്ടി. ഞങ്ങളുടെ മുമ്പിലുള്ള പ്രശ്നം താമസിക്കാന്‍ തെറ്റില്ലാത്ത ഒരു സ്ഥലം എന്ന ബേസിക് നീഡ്‌ മാത്രം ആയിരുന്നു. ഒന്നോ രണ്ടോ ദിവസം അല്ലല്ലോ. ഒരു മാസമില്ലേ പിടിച്ചു നില്‍ക്കാന്‍. ഓപ്ഷന്‍ കൂടുതല്‍ ഇല്ലാത്തത് കാരണം പെട്ടന്ന് തന്നെ തീരുമാനം ആയി. സന്തോഷ്‌ ന്‍റെ അടുത്ത് പോകുക. അവനെ വിളിച്ചു വിവരം പറഞ്ഞു. അവന്‍ പോന്നോളാനും പറഞ്ഞു. അവരുടെത് അന്ധേരി യില്‍ ഒരു staff quarters ആയിരുന്നു. ഏതാണ്ട് ജാക്സണ്‍ ഞങ്ങളെ കൊണ്ട് പോയ ആ നരകത്തിന്റെ അത്ര തന്നെ വലിപ്പം ഉള്ള ഒരു ഒറ്റമുറി വീട്. പക്ഷെ നരകത്തില്‍ ചെകുത്താന്മാര്‍ ആയിരുന്നെങ്കില്‍ ഇവിടെ അവന്റെ ചേച്ചിയുടെയും അളിയന്റെയും രൂപത്തില്‍ സ്നേഹമയികള്‍ ആയ രണ്ടു മാലാഖമാര്‍ ആയിരുന്നു. പക്ഷെ അവിടുത്തെ സ്ഥല പരിമിതി ഞങ്ങളെ കൂടുതല്‍ വിഷമത്തില്‍ ആക്കി. ഒരു രാത്രി എങ്ങനെയോ അവിടെ കഴിച്ചു കൂട്ടി. പിറ്റേന്ന് കാലത്തെ വീണ്ടും ടൈ കെട്ടിയ ആട്ടിന്‍ കുട്ടി ആയിട്ട് ചെന്നായ്ക്കളുടെ ഇടയിലേക്ക്. അന്ന് വൈകുന്നേരം തിരിച്ചു quarters ഇല്‍ എത്തിയപ്പോള്‍ അവിടെ മധു ഭായ് എന്ന കൂട്ടുകാരനെ പരിചയപ്പെട്ടു. ഇവരുടെ ബന്ധു തന്നെ ആയിരുന്നു അയാള്‍. അടുത്തുള്ള ഒരു സ്ഥലത്ത് തന്നെ ഒരു മുറി ഏര്‍പ്പാടാക്കാം എന്ന് ഉറപ്പു പറഞ്ഞു മധു ഭായ്. ചകാല എന്ന ഏരിയയില്‍ ആണത്രേ പ്രസ്തുത ഭവനം. മധു ഭായ് തന്റെ ഉച്ചസ്ഥായില്‍ ഉള്ള പരുഷ സ്വരത്തില്‍, തൃശൂര്‍ സ്ലാന്ഗ്ഇല്‍  "Chhakkaalaa" എന്ന് പറയുന്നത് പിന്നീട് കുറെ കാലത്തേക്ക് നല്ല ഒരു നേരമ്പോക്ക് ആയിരുന്നു ഞങ്ങള്‍ക്ക്. പറഞ്ഞ പോലെ തന്നെ പിറ്റേന്ന് ഞങ്ങളെ റൂം കാണിക്കാന്‍ കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മുറി കണ്ട മാത്രയില്‍ ഞങ്ങള്‍ മൂന്നു പേരുടെയും കണ്ണില്‍ നിന്ന് ഒരേ സമയം ചുടുകണ്ണീര്‍ വാര്‍ന്നു. കാരണം അതൊരു നീണ്ട ഇടനാഴി പോലെ തോന്നിക്കുന്ന ഒരു വലിയ മുകളില്‍ ആസ്ബസ്ടോസ് ഇട്ട ഒരു സിമന്റ്‌ തറ മാത്രം ആയിരുന്നു. നിലത്തു പാ വിരിച്ചു കിടക്കുന്ന വികൃത മുഖമുള്ള രൂപങ്ങള്‍. പേടിയും നിസ്സഹായാവസ്ഥയും തുല്യ അളവില്‍ മിക്സ്‌ ചെയ്ത ഒരു വികാരം ആണ് അപ്പോള്‍ തോന്നിയത്. quarters ലെ അസൌകര്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ഈ ഇരുണ്ട ഇടനാഴിയ്ല്‍ താമസിക്കാന്‍ തീരുമാനിച്ചു. മനുഷ്യരും മൃഗങ്ങളും ഏതാണ്ട് ഒരേ ലെവല്‍ ഇല്‍ ആണ് അവിടെ എന്നാണ് എനിക്ക് തോന്നുന്നത്. പേരിനു ഒരു നേര്‍ത്ത പൊട്ടിയ വാതില്‍ പൊളി പോലെ എന്തോ ഒന്ന് വെച്ച് പേരിനു മറച്ച ടോയ്ലെറ്റും കൂട്ടിനു പന്നികളും കഴുതകളും കൂടി ആയപ്പോ എല്ലാം പൂര്‍ത്തിയായി. എന്‍റെ മനസ്സില്‍ ഞാന്‍ കണ്ടിരുന്ന സ്വപ്ന നഗരം കത്തി ചാമ്പല്‍ ആവുന്ന വിഷ്വല്‍ ഞാന്‍ കൂടെ കൂടെ കണ്ടോണ്ടിരുന്നു. ഇങ്ങനെയും ഒരു വൃത്തി കേട്ട മുഖം മുംബൈക്ക് ഉണ്ടെന്നു അന്ന് ഞങ്ങള്‍ക്ക് മനസിലായി. പക്ഷെ, ട്രെയിനിംഗ് കഴിയാതെ തിരിച്ചു പോവാന്‍ ഒരു കാരണവശാലും പറ്റുമായിരുന്നില്ല. പകല്‍ ഓഫിസ് കാര്യങ്ങളും  രാത്രികാലങ്ങളില്‍ വീട് തപ്പലും ആയി പിന്നെയും അങ്ങനെ രണ്ടു ദിവസം. മുംബൈയുടെ ജീര്‍ണാവസ്ഥ ഞങ്ങള്‍ കേട്ടതിലും ഭീകരം ആണെന്ന് തോന്നി. പക്ഷെ അവിടെ ഉള്ളവര്‍ക്ക് അത് ഒരു വിഷയമേ അല്ലായിരുന്നു. എന്തെങ്കിലും ഒക്കെ ജോലി ചെയ്തു അവര്‍ ജീവിച്ചിരുന്നു. ജീവിക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ അവര്‍ക്ക് മനസ്സുണ്ട് എന്നത് ഒരു വലിയ കാര്യമായി തോന്നി ഞങ്ങള്‍ക്ക്. തൊഴിലില്ലായ്മ എന്നൊരു പ്രശ്നം അവിടെ ഉള്ളതായി അനുഭവപ്പെട്ടില്ല. മുംബൈ നഗരത്തിന്റെ മുഖമുദ്ര ആയി അറിയപ്പെടുന്ന ആ 'spirit of a  Mumbaite' എന്നത് സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലും പ്രകടമായിരുന്നു.  ജീവിതത്തിലെ ഏറ്റവും നീളം കൂടിയ കുറച്ചു ദിവസങ്ങള്‍. ഞങ്ങള്‍ക്ക് ഈ ദിവസങ്ങള്‍ അങ്ങനെ ആയിരുന്നു.  വീടിന്റെയും വീട്ടുകാരുടെയും അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും ഒക്കെ വില ഈ 2-3 ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു.
പതിവ് പോലെ ഒരു വൈകുന്നേരം. ഞങ്ങള്‍ വീട് അന്വേഷിച്ചു തെണ്ടുന്നു. പെട്ടെന്ന് ആരോ തോന്നിപ്പിച്ച പോലെ എനിക്ക് ഒരു പഴയ സുഹൃത്തിന്റെ മുഖം ഓര്‍മ വന്നു. കൊലാപ്പുര്‍ ഇല്‍ എന്‍റെ അടുത്ത സുഹൃത്തായിരുന്ന ശ്വേത. ഫോണ്‍ ബുക്ക്‌ ഇല്‍ തപ്പിയപ്പോള്‍ അവളുടെ നമ്പറും ഉണ്ട്. കൂട്ടുകാര്‍ രണ്ടു പേരോടും ഞാന്‍ അവളെ വിളിച്ചു നോക്കട്ടെ എന്ന് ചോദിച്ചു. എന്‍റെ കൂട്ടുകാര്‍ ആ മാനസികാവസ്ഥയില്‍ എന്തിനും തയാര്‍ ആയിരുന്നു.. ഞാന്‍ ഒരു ബൂത്തില്‍ കയറി ശ്വേതയുടെ നമ്പര്‍ ഡയല്‍ ചെയ്തു...മറുപുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം. നേര്‍ത്ത ശബ്ദത്തില്‍ അപ്പുറത്ത് നിന്ന് ശ്വേത 'ഹലോ' എന്ന് പറഞ്ഞത് എന്‍റെ കാതില്‍ പതിഞ്ഞപ്പോള്‍, വരണ്ടുണങ്ങിയ മരുഭൂമിയില്‍ 3 ദിവസമായി വെള്ളം കിട്ടാതെ അലയുന്നവന് പെട്ടന്ന് ഒരു തെളിനീര്‍ ജലാശയം കണ്ടു കിട്ടിയാല്‍ ഉണ്ടാവുന്ന ആത്മ നിര്‍വൃതി ആയിരുന്നു എനിക്ക് തോന്നിയത്.
സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു ശേഷം ഞാന്‍ ഇപ്പോള്‍ എവിടെ ആണെന്ന് ചോദിച്ചു അവള്‍. ഞങ്ങളുടെ സാഹസ കഥ വളരെ സംക്ഷിപ്തമായി അവതരിപ്പിച്ച എന്നെ ആദ്യം സ്നേഹപൂര്‍വ്വം ഒരു തെറി ആണ്  വിളിച്ചത്. മുംബയില്‍ ജനിച്ചു വളര്‍ന്ന ആ കൂട്ടുകാരിക്ക് ശരിക്കും അറിയാമായിരുന്നു ആ നഗരം അപരിചിതരോട് ഒരുപാട് ദയ കാട്ടാറില്ല എന്ന സത്യം. പരിഭവം കലര്‍ന്ന ആ ശാസനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും അവളെ വിളിക്കാത്തതിന്‍റെ പേരില്‍ ഉള്ള ദേഷ്യവും പറഞ്ഞു തീര്‍ത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. "സമാധാനത്തോടെ ഉറങ്ങാനും കാലത്ത് എഴുന്നേറ്റു ഓഫീസില്‍ പോവാനും പറ്റുന്ന ഒരിടം എവിടെയെങ്കിലും ഉണ്ടോ" എന്ന്. ഞങ്ങള്‍ മൂന്നു പേരോടും ആദ്യം ഞങ്ങളോട് നേരെ അവളുടെ കുര്‍ളയില്‍ ഉള്ള വീട്ടിലേക്കു വരാന്‍ പറഞ്ഞു. മറുത്തൊന്നും പറയാന്‍ സമ്മതിക്കാതെ അവള്‍ "I am expecting you guys in an hours time" എന്ന് പറഞ്ഞു അഡ്രസ്സും തന്നു ഫോണ്‍ വച്ചു. 
ഒരു ഇടത്തരം മഹാരാഷ്ട്രീയന്‍ കുടുംബം ആണ് ശ്വേതയുടെത്. ആ വീട്ടില്‍ ഞങ്ങളെ എതിരേല്‍ക്കാന്‍ അവളുടെ അച്ഛനും അമ്മയും അനിയനും ഉണ്ടായിരുന്നു. അതിഥി സല്‍കാരം എങ്ങനെ എന്ന് ആ കുടുംബത്തെ നോക്കി പഠിക്കാന്‍ പറ്റും എന്നെനിക്കു തോന്നി. സ്നേഹത്തോടെ സ്വീകരിച്ചിരുത്തി ചായയും മറ്റും തന്ന്‌ കാര്യങ്ങളൊക്കെ അന്വേഷിച്ചു. എല്ലാം കേട്ടതിനു ശേഷം അവള്‍ ഒരു നിമിഷം ചിന്തയില്‍ ആണ്ടു. വേഗം തന്നെ ചാടി എണീറ്റ്‌ ഫോണ്‍ എടുത്തു ആരെയോ ഡയല്‍ ചെയ്തു. മറുപുറത്ത് അവള്‍ sir എന്ന് അഭിസംഭോധന  ചെയ്ത ഏതോ ഒരു പരിചയക്കാരന്‍ ആയിരുന്നു. വിഷയം ഞങ്ങള്‍ കൂട്ടുകാര്‍ക്ക് തല ചായ്ക്കാന്‍ ഒരിടം തന്നെ ആയിരുന്നു. അല്‍പനേരം മറാത്തിയില്‍ സംസാരിച്ച ശേഷം അവള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് തിരിച്ചു സെറ്റിയില്‍ വന്നിരുന്നിട്ട് പറഞ്ഞു, " എന്‍റെ ഒരു sir ഇവിടെ അടുത്തൊരു ഫ്ലാറ്റില്‍ താമസിക്കുന്നുണ്ട്. ഒറ്റക്കാണ്. പക്ഷെ അയാള്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. എന്നാലും അവിടേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ പോവുകയല്ലേ?" എവിടെയോ പ്രതീക്ഷയുടെ ഒരു നേരിയ വെള്ളിവെളിച്ചം കണ്മുമ്പില്‍ മിന്നിമറഞ്ഞു . പോവുന്ന വഴിക്ക് അവള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ താല്പര്യക്കുറവിന്റെ കാരണം പറഞ്ഞു തന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇത് പോലെ രണ്ട്‌ bachelors വന്നു ഒരു മാസം താമസിച്ചു തിരിച്ചു പോവുമ്പോള്‍ അദ്ദേഹത്തിന്റെ കുറച്ചു സാധനങ്ങള്‍ മോഷ്ടിച്ച് കൊണ്ട് പോയിട്ടുണ്ടെന്ന്. ഇത് കേട്ടപ്പോള്‍ നേരത്തെ സൂചിപ്പിച്ച വെള്ളിവെളിച്ചത്തിന് വോള്‍ടയ്ജ് അല്പം കുറഞ്ഞ പോലെ തോന്നി പെട്ടെന്ന്. എന്തായാലും ഒരു ഫ്ലാറ്റ്ന്‍റെ നാലാം നിലയില്‍ ഉള്ള 'സുനില്‍ കുല്‍കര്‍ണി' എന്ന ബോര്‍ഡ് ഒരു ഗണപതി വിഗ്രഹത്തിന്റെ കൂടെ പതിപ്പിച്ച ഒരു വാതിലിനരികിലെ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു, തുറക്കാന്‍ പോകുന്ന ഈ വാതില്‍ ആശ്വാസത്തിലേക്കോ അതല്ല അവഗണനയിലേക്കോ ആണോ ഞങ്ങളെ കൊണ്ടെത്തിക്കാന്‍ പോകുന്നതെന്ന്. എന്നിരുന്നാലും വാതിലില്‍ ഉറപ്പിച്ച വിഘ്നേശ്വര വിഗ്രഹം ശുഭസൂചകം തന്നെ ആയിരുന്നു.
വെളുത്ത്, പൊക്കം കുറഞ്ഞ്‌, നിഷ്കളങ്കമായ മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ ആണ് വാതില്‍ തുറന്നത്. ശ്വേതയെ നോക്കി ചിരിച്ചെങ്കിലും, ഞങ്ങളെ സംശയ ദൃഷ്ടിയോടെ  ആയിരുന്നു അയാള്‍ നോക്കിയിരുന്നത്. രണ്ടു മാസം മുമ്പ് പറ്റിച്ചിട്ട് കടന്നു കളഞ്ഞ ആ പിള്ളേരുടെ അനുഭവം കുല്‍കര്‍ണി സാറിനെ കൂടുതല്‍ ഗൗരവം ഉള്ളവന്‍ ആക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ, കൃത്രിമം എന്ന് എനിക്ക് തോന്നിയ  ആ
ഗൗരവം അദ്ദേഹത്തിന് ഒരു കൊച്ചു കുട്ടിയുടെ ഓമനത്തം നല്‍കിയ പോലെ തോന്നി. എന്തായാലും, ശ്വേതയുടെ ഉറപ്പിന്മേല്‍ ആ ചെറിയ വലിയ മനുഷ്യന്‍ ഞങ്ങള്‍ക്ക് അഭയം നല്‍കാമെന്നു ഏറ്റു. ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍, അതിതാണ്, ഇതാണ്, ഇതാണ്. കിടക്കാന്‍ കിട്ടിയത് അടുക്കള ആണെങ്കിലും അന്ന് ഞങ്ങള്‍ ശരിക്കും ഉറങ്ങി. എല്ലാം മറന്ന്. ആ രാത്രി ഞങ്ങള്‍ക്ക് ആ അടുക്കള സ്വര്‍ഗ്ഗവും കുല്‍കര്‍ണി സാര്‍ ഞങ്ങളുടെ ദൈവവും ആയി മാറുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളില്‍ ചിലതായിരുന്നു. പ്രഭാതങ്ങളില്‍ കുല്‍കര്‍ണി സര്‍ന്‍റെ ഇ-പൂജ ഞങ്ങള്‍ക്ക് ഏറെ കൌതുകം നിറഞ്ഞതായിരുന്നു. കുളി കഴിഞ്ഞു ഈറനോടെ വന്നു കമ്പ്യൂട്ടര്‍ന്‍റെ മുമ്പില്‍ മൂപേര്‍ തൊഴുതു നില്‍ക്കും. ഗണേശ സ്തോത്രവും ഗായത്രി മന്ത്രവും ആരതിയും വിളക്ക് വെപ്പും എല്ലാം കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍സ് ആയിരുന്നു. മുംബൈയിലെ ഈ ഒരു വീട്ടിലല്ലാതെ വേറെ ഒരിടത്തും ഞാന്‍ ഇത് കണ്ടിട്ടില്ല. ഞായറാഴ്ചകളില്‍  ഞങ്ങള്‍ കറങ്ങാന്‍ പോയി തുടങ്ങി. ഒരു ദിവസം പനി വന്നു കിടന്നപ്പോള്‍ ശ്വേതയും അനിയനും കൂടെ കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നു. കുറച്ചു നേരം ഇരുന്നു അല്പം മരുന്നുകളും തന്നിട്ട് ആ ചങ്ങാതിമാര്‍ പോയി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ അവിടത്തുകാര്‍ ആവുകയായിരുന്നു. ഞങ്ങള്‍ പോലും അറിയാതെ.  ലോക്കല്‍ ട്രെയിനുകളും, തിരമാല പോലെ വന്നു പോകുന്ന ആള്‍ക്കൂട്ടവും,   ഒരു പകല്‍ മുഴുവന്‍ പല ഭാഷകളില്‍ ഒച്ച വെച്ച് ആളെ കൂട്ടുന്ന വഴി വാണിഭക്കാരും, വന്യജീവികലെക്കാള്‍ പ്രണയജോടികളെ കാണാന്‍ പറ്റുന്ന നാഷണല്‍ പാര്‍കുകളും, പട്ടാപ്പകല്‍ പിടിച്ചു പറിക്കുന്ന കള്ളന്മാരും, ഇരുണ്ട തെരുവില്‍ ആളെ കാത്തിരിക്കുന്ന വേശ്യകളും, വി ടി സ്റ്റേഷനും, ഗെയ്റ്റ് വേയും , ഫാഷന്‍ സ്ട്രീടും, ജുഹു ബീച്ചും ........ ഒരു നോട്ടത്തില്‍ തന്നെ  ഒരു നൂറു മുഖങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികള്‍ ആവുകയായിരുന്നു ആ ഇരുപതു ദിവസങ്ങള്‍ കൊണ്ട് . തിരിച്ചു പോരുന്നതിന്റെ തലേ ദിവസം അനുഭവങ്ങളുടെ ഭാണ്ടക്കെട്ടുകള്‍ മുറുക്കി ഞങ്ങള്‍ യാത്രയാവുമ്പോള്‍ സുനില്‍ കുല്‍കര്‍ണി എന്ന് പേരുള്ള ആ നല്ല മനുഷ്യന്‍ കണ്‍പീലികളില്‍ ഒരു തുള്ളിയെ താങ്ങി നിര്‍ത്താന്‍ പാട് പെട്ടുകൊണ്ട് ഞങ്ങളോട് ചോദിച്ചു, "എന്നെ മറക്കില്ലല്ലോ അല്ലെ" എന്ന്....സുഹൃത്തേ, ജീവിതം പഠിപ്പിച്ചവരുടെ കൂടെ ആണ് ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്കു സ്ഥാനം. നിങ്ങളെ, ശ്വേതയെ, സന്തോഷിന്റെ ബന്ധുക്കളെ, മധുഭായ് യെ, പിന്നെ അവിടെ ഞങ്ങള്‍ക്ക് തണലേകിയ എല്ലാവരെയും ഇന്നും ഞങ്ങള്‍ ഓര്‍ക്കുന്നു. ആ ഓര്‍മകള്‍ക്ക് ശ്വേത കൊണ്ട് വന്ന ചൂട് കഞ്ഞിയുടെ മണമാണ്, നിങ്ങളുടെ റൂമിലെ പഴയ പുസ്തകക്കെട്ടുകളുടെ മണമാണ്, അതിലുപരി നിങ്ങളുടെ ഒക്കെ നിറഞ്ഞ സ്നേഹത്തിന്റെ മണമാണ്. മറക്കില്ലൊരിക്കലും....ഒരിക്കലും ..




* By the way, ട്രെയിനിംഗ് ചെയ്ത ആ സ്ഥാപനത്തില്‍ തന്നെ എനിക്ക് ജോലിയും കിട്ടി.


6 comments:

  1. ഞാന്‍ വീണ്ടും കണ്ടു, ഒരിക്കല്‍ കണ്ടുമറന്ന എന്ടെ മുംബൈ. അന്ന് തെരുവിലൂടെ നടക്കുമ്പോള്‍, എന്ടെ കൊച്ചച്ചന്‍ കാണിച്ചു തന്ന കുടുസ്സു മുറികള്‍...അതിനെ വീടെന്നു കൊച്ചച്ചന്‍ വിളിച്ചപ്പോള്‍ ഉള്ള എന്ടെ അന്ധാളിപ്പ്...എല്ലാം ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാന്‍ കണ്ട രംഗങ്ങള്‍ ഒരിക്കല്‍ നിന്റേത് കൂടിയായിരുന്നു എന്നറിയുമ്പോള്‍ കൃത്യമായി എന്ടെ തോന്നല്‍ എനിക്ക് വിശദീകരിക്കാന്‍ പറ്റില്ല. അന്ന് ഞാന്‍ ഒരു കാഴ്ചക്കാരി ആയിരുന്നു. ഇന്ന് അതേ കാഴ്ച്ചയുടെ വായനക്കാരി. വീക്ഷണങ്ങള്‍ മാറുമ്പോഴും പേരുകള്‍ മാറുമ്പോഴും മുംബൈ അങ്ങനെ തന്നെ നില്‍ക്കുന്നു, ഒരു ഇടനാഴിയില്‍ വിരിച്ചിട്ട പായകളില്‍ ഓര്‍മകളും മറവികളും തിക്കി ഉറങ്ങുന്നു. കാണുന്ന ഫോട്ടോയില്‍ കാണാത്ത കാലങ്ങളെ തേടി പിടിക്കുന്ന മനസ്സുമായി ഞാന്‍ ഈ എഴുത്തിലെ ഫുള്‍ സ്റ്റോപ്പില്‍ ഒരു തുടര്‍ച്ചയെ സ്വന്തമാക്കുന്നു.

    എഴുത്ത് നിന്റേത് തന്നെ. മനസ്സില്‍ നിന്നു വരുന്ന അതേ ഭാഷയില്‍ വിചാരങ്ങളെ കോരിയിടുന്ന വാക്കുകള്‍. ഇത്രയും വലിയ ഒരു ആര്‍ട്ടിക്കിള്‍ നീ എഴുതിയതില്‍ വളരെ സന്തോഷം. പഴമയിലേക്കുള്ള നടപ്പിനു അല്ലെങ്കിലും നീളം കൂടും, അല്ലേ? :)

    ReplyDelete
  2. Dear Deepak,

    It is indeed a great pleasure to read through the above. Truely you had taken me through the time-machine 9 years ago and made me live through those times once more... touching yet inspiring.. and felt very proud that we all reached to the state that we are enjoying now...

    A city who teaches us to see the world and life with responsibilty....

    Chakkaalllaaa... is still resounding everywhere....

    :)

    Take care...
    lots of love
    Deepak

    ReplyDelete
    Replies
    1. Ninnodu enthu thanks parayan? U r a part of this :))

      Delete
  3. a very good piece. thoroughly enjoyed and even read it out again to my wife . keep writing and you must write someday a script on friendship which is beyond the norms and pulls down the facades of all taboos made by the minnows of the world!!! i know its not in perview to tell you what you want to write - this is something i wanted to write someday and my pen always ceases to move when i touch that context, coz i am a part of the minnows who lives by the rules of boundaries and taboos!

    ReplyDelete