Tuesday, June 26, 2012

ആദ്യാവസാനം

ഈ കഴിഞ്ഞ ജൂണ്‍ 25ന് എന്‍റെ അനുജത്തിക്കു സുന്ദരിയായ ഒരു പെണ്‍കുഞ്ഞു ജനിച്ചു. കുടുംബത്തില്‍ എല്ലാവരും ആഗ്രഹിച്ചു കൊതിച്ചു കിട്ടിയ ഒരു പെണ്‍കുഞ്ഞ്. ഹോസ്പിറ്റല്‍ മുറിയിലെ ചുമരുകളില്‍ പിങ്ക് നിറത്തിലുള്ള ബലൂണ്‍ തൂക്കിയും മധുരം വിതരണം ചെയ്തും ബന്ധുക്കളെ ഫോണില്‍ വിവരം അറിയിച്ചും എ ല്ലാരും മതിമറന്നു സന്തോഷിക്കുന്നു . എല്ലാത്തിനും മുന്നില്‍ ഞാനും ഉണ്ട്. ശസ്ത്രക്രിയയുടെ  ആലസ്യത്തിലും ചിരിക്കുന്ന എന്‍റെ അനുജത്തിയുടെ മുഖം ഒരു നോക്ക് കണ്ടു. പൂര്‍ണത കൈവന്നതിന്‍റെ  നിറവില്‍ അവള്‍ മയക്കത്തിലേക്കു തിരിച്ചു പോയി .ആഹ്ലാദത്തിന്‍റെ  പതഞ്ഞു പൊങ്ങല്‍  ഒന്നടങ്ങിയപ്പോള്‍ ഞാന്‍ കുറച്ചു നേരം ആ വരാന്തയിലെ സോഫയില്‍ ചെന്ന് ഇരുന്നു. പത്രമെടുത്ത്‌ കണ്ണോടിച്ചപ്പോള്‍ ഒരു സ്ത്രീയുടെ പടമാണ്‌ കണ്ണില്‍ പതിഞ്ഞത്. ജീവന്‍ വറ്റിപ്പോയ അവരുടെ കണ്ണില്‍ നിന്ന്
 കണ്ണീര്‍ കവിളിലേക്കു ഇറങ്ങി തണുത്തുറഞ്ഞ പോയപോലെ. ഒരു ബോര്‍വെല്ലിനുള്ളില്‍ പ്രാണന്‍ വെടിഞ്ഞ കൊച്ചു മഹിയുടെ അമ്മയായിരുന്നു അത്. 85 മണിക്കൂറോളം വേണ്ടി വന്നു ആ കുഞ്ഞിന്‍റെ ജീവനില്ലാത്ത ശരീരം പുറത്തെടുക്കാന്‍. പ്രകൃതി ഒരു ജീവനെടുക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഒരു ശാസ്ത്രവും ഒരു കണ്ടുപിടുത്തവും അവിടെ വിലപ്പോവില്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു  . ഒരു നിമിഷത്തെ അശ്രദ്ധ എന്നൊക്കെ പിന്നീട് പറയാമെങ്കിലും, ആ അമ്മയുടെ ഉള്ളിലെ നൊമ്പരക്കടല്‍ ശാന്തമാവാന്‍ ഇനി എത്ര ജന്മങ്ങള്‍ വേണ്ടി വരുമെന്ന് അറിയില്ല. നിമിഷങ്ങളുടെ ഇടവേളയില്‍ ഞാന്‍ കണ്ട രണ്ടു അമ്മമാരുടെ മുഖങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്നത് ഒരു പ്രപഞ്ചസത്യത്തെ തന്നെ ആണ്. സന്തോഷത്തിന്‍റെയും ദുഖത്തിന്‍റെയും ഇടയില്‍  ഉള്ള ആ no mans landല്‍ നിസ്സംഗനായി നോക്കി നില്‍ക്കാനു ള്ള ചിന്താശക്തി  എനിക്ക് ഈ നിമിഷം കൈവരുന്ന പോലെ.....
യാദൃശ്ചികമാവാം, എവിടുന്നോ യേശുദാസിന്‍റെ ശബ്ദം കേള്‍ക്കുന്നു  ....അക്കരെ മരണത്തിന്‍ ഇരുള്‍ മുറിയില്‍, അഴുക്കു വസ്ത്രങ്ങള്‍ മാറി വരും, അവര്‍ മടങ്ങി വരും. ...ഒരിടത്ത് ജനനം ഒരിടത്ത് മരണം.... :))

No comments:

Post a Comment