Friday, June 10, 2011

ചിന്ത്യം.......

വെളുത്ത കാളവണ്ടി പതുക്കെ വെള്ളത്തിലൂടെ നീങ്ങി. കണ്ണട വച്ച പട്ടി റോഡിലൂടെ സൈക്കിളില്‍ പോകുന്നു. എന്‍റെ കണ്ണിലേക്കു നിലാവ് അടിക്കുന്നു. ഞാന്‍ കൂളിംഗ് ഗ്ലാസ്‌ വെച്ചു. വണ്ടി നിന്നു. എന്താണ്? ഓ..കാളയുടെ ചെരുപ്പ് പൊട്ടിയത് കൊണ്ട് കുഴപ്പമില്ല. ഈ രാത്രി ഇനി എന്ത്? മുകളിലേക്ക് നോക്കി. ആഹാ...മിനിഞ്ഞാന്ന്  രാവണന്‍റെ ഗുസ്തി മത്സരം. കൈയിലുണ്ടായിരുന്ന പഴം എടുത്തു ദൂരെ കളഞ്ഞു. ഹാവൂ! ദാഹം മാറി. ആരോ ചെണ്ട കൊട്ടുന്നുണ്ട്. അതെ, മരപ്പട്ടികളുടെ ഗാനമേള. ഊളകളുടെ ഹര്‍ഷാരവം.ക്രിസ്തു പറഞ്ഞു, എന്‍റെ മൂക്കില്‍ ചോര. ചിറ്റപ്പന്‍ മരിച്ചു. സമാധാനം. ശാലീന യുവതികള്‍ ആണല്ലോ ഓംലെറ്റ്‌ കഴിക്കുന്നത്‌.... . എന്താവും പൂജ്യത്തിന്റെ സ്ഥിതി. കണ്ടറിയാം. ചങ്ങലക്കു ഭ്രാന്തു പിടിച്ചു ആ വര്‍ഷം. മഷി മാറി. ഇനിയിപ്പോള്‍ ചങ്ങല മഴ പെയ്യും. സൂര്യന്‍ ചക്രം ഉരുട്ടിക്കളിക്കുന്നു. കണ്ടിട്ടും കാണാത്ത ചേനത്തണ്ടന്‍ സുന്ദരഗാനം പാടുന്നു. അന്ന് തന്നെ ചേനക്ക് ജോലിയും കിട്ടി. മൂപ്പന് വയസ്സായി. ശരീരം മൊത്തം കഷണ്ടി. ചെവി തീര്‍ന്നു പോയി. ആകാശത്തിന്‍ വേര്, അമ്മിയുടെ തളിരില, മുള്ളില്ലാത്ത മുരിക്കിന്‍റെ മീശ, വായുവില്‍ വെള്ളം ചേര്‍ത്തത് പാകത്തിന്. ഇതെല്ലാം ചേര്‍ത്ത് കഴിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. അയ്യോ! മുത്തപ്പന്‍ തുമ്മി. തവളകള്‍ ചുമച്ചു. ഹിപ്പോയുടെ തൊണ്ടയില്‍ കിച് കിച്. കുറ്റിക്കാട്ടില്‍ വികസ് ഗുളികകള്‍ ആത്മഹത്യ ചെയ്തു. ആ വണ്ടി അന്ന് വന്നില്ല. ഈ കടുവക്ക് മൈലേജും ഇല്ല. കട്ടുറുമ്പ് സിനിമ കാണാന്‍ പോയപ്പോള്‍ ക്യുവില്‍ മുട്ടനാട്. അന്നൊരു ശവദാഹം ആയിരുന്നു. ശവം പെപ്സി ആവശ്യപ്പെട്ടു. പൂച്ചയുടെ യോഗം!
വീണ്ടും പോണ്ടിച്ചേരി. സമയം ചൂയിന്‍ഗം ചവക്കുന്നു. ഭദ്രകാളി ബോംബെയിലേക്ക് വണ്ടി കയറി. തലക്കകത്ത് നാല് കിളിച്ചുണ്ടന്‍ മാമ്പഴം. ചെമ്മീന്‍ കുഞ്ഞിനു കണ്ണ് ഓപറേഷന്‍ ആണെന്ന് തോന്നുന്നു. 5 പേരും മൂത്ത് പോയി. കലികാലം ഒരു ബ്രോയിലര്‍ കോഴി. മാര്‍ബിള്‍ കസേരയില്‍ ഒരു പൊത്ത്. അതിലൂടെ മൂവായിരം ഇലകള്‍ അടിച്ചു പിരിഞ്ഞു. വേലുത്തമ്പി ദളവയുടെ ബൈക്ക് മറിഞ്ഞു. തിരമാലകള്‍ ദുബായില്‍ എത്തി. വെണ്‍ചാമരം കൊണ്ട് തലയ്ക്കു കിഴുക്കി. പത്തര മാറ്റുള്ള ലോറി ഞാന്‍ വിഴുങ്ങി. നെഞ്ച് മുഴുവന്‍ വാട്ടര്‍ ടാങ്ക് ആയി. കൈലാസത്തില്‍ അടുക്കള ജോലി ആണ് രമേശന്. ചാരനിറമുള്ള വെള്ളം ഒടുക്കം ക്ലാസ്സ്‌ കട്ട്‌ ചെയ്തു. ശുഭസ്യ മത്സ്യം.




(It's real fun, at times, to give our senses some rest and let imagination take over to go for a wild spin)

Wednesday, June 8, 2011

ഒരു ലവ് ലെറ്റര്‍ പോലെ.

   അതേയ് കുട്ടീ, ശരിക്കും പറഞ്ഞാല്‍ ഈ പ്രേമത്തിലും മണ്ണാങ്കട്ടേലും  ഒന്നും വലിയ കാര്യമില്ല. നമ്മക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ഈ ഇടപാട്. പക്ഷെ ഇവന്മാര് സമ്മതിക്കുന്നില്ല. എന്‍റെ  കൂട്ടുകാരേയ്. അവര് പറയുന്നത് നിന്നെ കാണുമ്പോ എനിക്കെന്തോ പ്രശ്നമുണ്ടെന്നാ. പിന്നേ...എന്നെ കിട്ടില്ല അതിനൊന്നും....അല്ല, അതവര്‍ക്കും അറിയാം. പിന്നെ അന്ന് നീ ഒരാഴ്ച പനി ആയിട്ട് ലീവ് എടുത്തപ്പോ ഒരു വിഷമം തോന്നി എന്നത് നേരാണ്. ഹയ്, അതിപ്പോ ആര്‍ക്കായാലും അസുഖം വന്നാ ഒരു വിഷമം ഒക്കെ തോന്നുല്ലേ? മനുഷ്യത്വത്തിന്‍റെ  പേരില്‍...അത്രേ ഉള്ളു. ആ ഒരാഴ്ച ഇതിന്‍റെ  പേരില്‍  ഞാന്‍ കുളിക്കാതേം നനക്കാതേം നടന്നു എന്നൊക്കെ അവര് വെറുതെ പറയാന്നെ. വീട്ടിലെ ടാങ്കില്‍ എന്തോ കലക്ക് വന്നപ്പോ സാധാരണ പോലെ വിസ്തരിച്ച് കുളിക്കനൊന്നും പറ്റിയിരുന്നില്ല...അല്ലാതെ ഛെ ഛെ....ഇപ്പൊ കുട്ടി ഓര്‍ക്കും ഇതൊക്കെ ഞാന്‍ എന്തിനാ കുട്ട്യോട് പറയുന്നേന്ന്. ഒരു തെറ്റിധാരണ ഉണ്ടാവാന്‍ പാടില്ലല്ലോ. അല്ല, അതുണ്ടാവില്ലാന്നു എനിക്കറിയാം. കാരണം കുട്ടി ആ ടൈപ്പ് അല്ലല്ലോ :) ക്ലാസ്സില്‍ മിക്ക ദിവസവും അവസാനത്തെ അവര്‍ കട്ട് ചെയ്തു ഞാന്‍ ഗ്രൌണ്ടിന്റെ പടികളില്‍ വന്നിരിക്കുന്നത് കുട്ടി ആ സമയത്ത് എന്നും അതിലെ പോകുന്നത് കൊണ്ടാണെന്ന് സ്വാഭാവികമായും ഒരു സംശയം ആര്‍ക്കും തോന്നാം. ഫ്രെണ്ട്സ്ല്‍ ചിലര്‍ അങ്ങനെ പറയേം ചെയ്തു. പക്ഷെ ഞാന്‍ വെറുതെ കാറ്റ് കൊള്ളാന്‍ ഇരിക്ക്യാണെന്ന് എനിക്കല്ലേ അറിയൂ. അത് മാത്രല്ല, ക്രിക്കറ്റ്‌ എനിക്ക് ഭയങ്കര താല്പര്യം ആണേയ്. പിന്നെ ചില ദിവസങ്ങളില്‍ കുട്ടി കേരളാ സാരി ഉടുത്തു വരുമ്പോള്‍ അത് കുട്ടിക്ക് നന്നായി ചേരും എന്ന് അവന്മാരോട് അറിയാതെ എങ്ങാനും പറഞ്ഞു പോയാല്‍ എന്‍റെ അമ്മോ  തീര്‍ന്നു കഥ. കണ്ടതിനു ഒരു കമന്‍റ്  പറയാനും പാടില്ലേ? ചെലപ്പോ ഞാന്‍ അത് മാത്രം എടുത്തു പറയുന്നോണ്ടാവും. കാരണം പൊതുവേ ഇതു വേഷവും കുട്ടിക്ക് നന്നായി ചേരുമല്ലോ.പ്രത്യേകിച്ച് പച്ചയും പിങ്കും.
അതിനിടക്കാണ് വേറെ ഒരു കാര്യം ഓര്‍ത്തത്‌. കുട്ടി കുന്നത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആണ് പതിവായി തൊഴാന്‍ പോവ്വാ ല്ലേ? ഒന്ന് രണ്ടു തവണ ഞാന്‍ അമ്മേടെ കൂടെ അവിടെ വന്നപ്പോ കണ്ടിരുന്നു. ശരിക്കും ഞാന്‍ കണ്ടില്ലായിരുന്നു, പിന്നെ അമ്മ വിളിച്ചു കാണിച്ചു തന്നപ്പോ പിന്നെ...അല്ലാതെ നമ്മള്‍ അമ്പലത്തില്‍ എത്ര പേരെ ഇങ്ങനെ കാണുന്നു ല്ലേ? :)
പിന്നെ രാത്രി കിടന്നാ ഉറക്കോം വരുല്ലാന്നെ. നമ്മളെ ചേര്‍ത്ത് ഇങ്ങനെ ഓരോ ഇല്ലാകഥ ഉണ്ടാക്കുമ്പോ കുട്ടിക്ക് വിഷമം വരുമല്ലോ എന്നോര്‍ത്ത്. ഒന്നും കാര്യാക്കണ്ട ട്ടോ. അവര് ചുമ്മാ.. :)
പിന്നെ കോളെജില് കുട്ടിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമിലല്ലോ ല്ലേ? ഉണ്ടെങ്കില്‍ പറഞ്ഞാ മതി ട്ടോ. അവിടെ എല്ലാം നമ്മടെ പിള്ളാരാ. വേറെ ഒന്നും കൊണ്ടല്ല കേട്ടോ, ഒരേ നാട്ടുകാരി ആയതു കൊണ്ട്  ഒന്ന് ശ്രദ്ധിക്കുന്നു എന്നെ ഉള്ളു. നാട്ടീന്നു വരുന്ന വേറെ ഒന്ന് രണ്ടു ചെക്കന്മാരെയും ഞാന്‍ ഇങ്ങനെ ശ്രദ്ധിക്കാറുണ്ട്. അത് അവന്മാരുടെ അച്ഛന്‍മാര്‍ പറഞ്ഞിട്ടാ. ആകൂട്ടത്തില്‍ കുട്ട്യേം കൂടെ ശ്രദ്ധിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. :)
മറ്റൊരു കാര്യം. ക്ലാസ്സിലായാലും കാന്‍റീന്‍ല്‍  ആയാലും ഞാന്‍ എപ്പോഴും എന്തോ ഓര്‍ത്തു കൊണ്ടാണ് നടപ്പെന്നും അത് കുട്ട്യേപറ്റി ആണെന്നും ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കരുത്. ലോക കാര്യങ്ങള്‍ എന്തൊക്കെ ഉണ്ട് നമുക്ക് ആലോചിക്കാന്‍. മൊത്തത്തില്‍ ഈ ലോകത്തിന്റെ പോക്ക് ശരിയല്ലല്ലോ. അപ്പൊ അതൊക്കെ ഇങ്ങനെ ഓര്‍ത്തോര്‍ത്തു .. :)
ഇനിയൊരു കാര്യം അവര് പറയുന്നത് ഫുഡിന്‍റെ ആണ്. പൊതുവേ തിങ്കളാഴ്ചകളില്‍ എനിക്ക് വിശപ്പ്‌ കുറവാണ്. എന്ന് വെച്ച് അത് കുട്ടി തിങ്കളാഴ്ച വൃതം എടുക്കുന്നോണ്ട് ആണെന്നൊക്കെ പറഞ്ഞു പരത്തിയാല്‍? (പട്ടിണി കിടക്കുന്നത് നല്ലതല്ല..എങ്കില്‍ പോലും). കുട്ടി വിശന്നിരിക്കുന്നു എന്ന് വെച്ച് ഞാന്‍ എന്തിനു കഴിക്കാതിരിക്കണം? എങ്കിലും പട്ടിണി കിടക്കണ്ട എന്നൊരു അഭിപ്രായം എനിക്കുണ്ട്. അതും വെറും മനുഷ്യത്വത്തിന്റെ പേരില്‍..പിന്നെ, ഇതൊന്നും കുട്ട്യേ ബാധിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പറയുന്നേ എന്നറിയാലോ.
അപ്പൊ വേറെ കാര്യമായിട്ട് ഒന്നും പറയാനില്ല. തെറ്റിധാരണ ഒക്കെ ഈ എഴുത്ത് വായിച്ചു കഴിയുമ്പോഴേക്കും മാറും എന്നെനിക്കു അറിയാം. അല്ലാതെ എനിക്ക് ഈ പ്രേമോം മറ്റും..അയ്യേ .. ഛെ .. :)